കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞിയില്‍ നിന്നുമാണു കുട്ടികളെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശു വികസ വകുപ്പിന് കീഴിലുള്ള മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുട്ടികളെ കാണാതായത്. രാവിലെ ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് 9 പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇവരെ 9 പേരെയും കണ്ടെത്തിയത്.
കൂത്താട്ടുകുളം ഇലഞ്ഞിയിലുള്ള ഒരു കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് 9 പേരെയും കണ്ടെത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മഹിള സമഖ്യ സൊസൈറ്റിയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. ഇവിടെ കുട്ടികള്‍ സ്ഥിരമായി കരയുകയും ബഹളം ഉണ്ടാക്കുയും ചെയ്യുമായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു.
ഷെല്‍ട്ടര്‍ ഹോമില്‍ ജീവന്‍ക്കാര്‍ കുറവാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിന് മുന്‍പും രണ്ട് കുട്ടികള്‍ ഇവിടെ നിന്ന് ചാടി പോകുകയും ഇവരെ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.