വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ
പ്രവാസികളായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്ക് പോകേണ്ടവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ എത്തിയശേഷം യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ആശുപത്രിയിലോ സൗകര്യമൊരുക്കിയിരിക്കുന്ന മറ്റേതെങ്കിലും ഇടത്തോ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്യും. ഇതിനുള്ള ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. ഇതിനുള്ള സൗകര്യമൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.
ജോലി നഷ്ടപ്പെട്ട പ്രവാസികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. കുടുംബാംഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം തിരികെ വരേണ്ടവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.