എം ജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ. യോഗത്തിൽ സർവകലാശാല അറിയിച്ച കാര്യങ്ങളിൽ സർക്കാരിന് റിപ്പോർട്ട് നൽകും. ആരോപണ വിധേയനായ അധ്യാപകനെ നിയമപ്രകാരം മാത്രമേ പുറത്താക്കാൻ സാധിക്കൂവെന്ന് കളക്ടർ വ്യക്തമാക്കി. അതേസമയം അധ്യാപകനെ പുറത്താക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് രജിസ്ട്രാർ അറിയിച്ചു. വിദ്യാർത്ഥിനിക്ക് ഗവേഷണം തുടരാൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി സർവകലാശാല അറിയിച്ചു.
ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം എംജി സര്‍വകലാശാല വൈസ് ചന്‍സലർ തള്ളിയിരുന്നു. ലൈംഗിക അതിക്രമം സംബന്ധിച്ച് വാക്കാല്‍ പോലും പരാതി ലഭിച്ചിട്ടില്ലെന്നും വി.സി ഡോ.സാബു തോമസ് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിനിക്ക് ഗവേഷണം തുടരാം. മേല്‍നോട്ടം വഹിക്കുകയും ചെയ്യാം. പരാതിക്കാരി ലാബിലെത്തി ഗവേഷണം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. വിദ്യാര്‍ത്ഥിനി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളാണ് എന്നും വി.സി വ്യക്തമാക്കിയിരുന്നു.
എന്നാൽ പരാതി നല്‍കിയില്ലെന്ന വി.സിയുടെ വാദം വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ് പരാതിക്കാരി രംഗത്തെത്തിയിരുന്നു. 2014ല്‍ തന്നെ പരാതി പറഞ്ഞിരുന്നു. ഭീതികാരണം രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ലൈംഗിക അതിക്രമത്തില്‍ രേഖാമൂലം പൊലീസിനും യൂണിവേഴ്‌സിറ്റിക്കും പരാതി നല്‍കുമെന്നും സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു.