Kerala

കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി

കുസാറ്റ് എഞ്ചിനിയറിങ് പ്രവേശനത്തിലും മെറിറ്റ് അട്ടിമറി. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഒ.ബി.സി സംവരണത്തിലെ അവസാന റാങ്ക് ആയിരത്തിൽ താഴെ ആയിരിക്കുമ്പോൾ 9387ാം റാങ്ക് ലഭിച്ചയാളും മുന്നാക്കസംവരണത്തിലൂടെ പ്രവേശനം നേടി. സേഫ്റ്റി ആന്‍റ് ഫയര്‍ എഞ്ചിനിയറിങ് ഐ.ടി തുടങ്ങി എല്ലാ ധാരകളിലും സമാനമാണ് റാങ്കിങ്. കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ റാങ്കിങ് സമാനമായവര്‍ക്കും ഇത്തവണ പ്രവേശനമില്ല. മെക്കാനിക്ക് എഞ്ചിനിയറിങ് വിഭാഗത്തില്‍ ഈഴവ വിഭാഗത്തിലെ അവസാന റാങ്ക് 749 ആണ്.

949 ആണ് മുസ്‍ലിം വിഭാഗത്തിലേത്. പിന്നാക്ക ഹിന്ദു വിഭാഗത്തിലെ അവസാന റാങ്ക് 1064 ആണ്. എന്നാല്‍ മുന്നാക്കസംവരണ വിഭാത്തിലെ അവസാന റാങ്ക് 9387ആണ്. അതായത് പിന്നാക്ക വിഭാങ്ങളിലെ അവസാന റാങ്ക് ആയിരത്തില്‍ താഴെ നില്‍ക്കുമ്പോള്‍ പതിനായരത്തിനടുത്ത് റാങ്കിങ്ങില്‍ വരുന്ന വിദ്യാര്‍ഥിക്കും മുന്നാക്കസവരണത്തിലൂടെ പ്രവേശനം ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അവസാന റാങ്ക് പരിശോധിക്കുമ്പോഴും വ്യത്യാസം പ്രകടമാണ്. രണ്ടായിരവും മൂവായിരവും അവസാന റാങ്കുള്ള വിദ്യാര്‍ഥിക്കും കഴിഞ്ഞ വര്‍ഷം പിന്നാക്ക സംവരണത്തിലൂടെ പ്രവേശനം ലഭിച്ചിരുന്നു.

മെക്കാനിക്ക് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഈഴവ വിഭാഗത്തില്‍ 3465ാം റാങ്കുകാരനും പ്രവേശനം നേടി. 3979 റാങ്കുകാരനായ മുസ്‍ലിം വിഭാഗത്തിലെ വിദ്യാര്‍ഥിയും 2611 ആം റാങ്കുരാനായ പിന്നാക്ക ഹിന്ദു വിഭാഗത്തിലെ വിദ്യാര്‍ഥിയും കഴിഞ്ഞ വര്‍ഷം കുസാറ്റില്‍ പ്രവേശനം നേടി. ദേശീയ തലത്തില്‍ തന്നെ മുന്‍നിര കോഴ്സായ സേഫ്റ്റി അന്‍റ് ഫയര്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ 9387ാം റാങ്കുള്ള വിദ്യാര്‍ഥിക്കു മുന്നാക്ക സംവരണത്തിലൂടെ പ്രവേശനം നേടി. എന്നാല്‍ ഒ.ബി.സി വിഭാഗത്തില്‍ ആയിരത്തിന് മുകളില്‍ റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് കുസാറ്റില്‍ പ്രവേശനം ലഭിക്കുന്നില്ല. കംപ്യൂട്ടര്‍ സയന്‍സ്‍, ഐ.ടി തുടങ്ങി എല്ലാ ബ്രാഞ്ചിലും ഈ വ്യത്യാസം പ്രകടമാണ്. എം.ബി.ബി.എസിനും എഞ്ചിനിയറിങ്ങിനും പിന്നാലെ കുസാറ്റ് പ്രവേശനവും മുന്നാക്ക സംവരത്തില്‍ തട്ടി അട്ടിമറിക്കപ്പെട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.