Kerala

എംബാം ചെയ്യാനാവില്ല; മെറിന്‍റെ മൃതദേഹം അമേരിക്കയില്‍ സംസ്കരിക്കും

മെറിന്‍റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

അമേരിക്കയിലെ ഫ്ലോറിഡയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം അമേരിക്കയില്‍ തന്നെ സംസ്കരിക്കും. മൃതദേഹം എംബാം ചെയ്യാനാവാത്തതിനാലാണ് നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തത്. പ്രതിയായ മെറിന്‍റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെ ഏഴരക്ക് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മെറിനെ ഭര്‍ത്താവ് ഫിലിപ്പ് കാത്തുനിന്ന് കത്തി കൊണ്ട് 17 തവണ കുത്തുകയായിരുന്നു. കുത്തേറ്റ് വീണ മെറിന്‍റെ ദേഹത്തു കൂടെ ഫിലിപ്പ് കാര്‍ കയറ്റിയിറക്കി. കുടുംബപ്രശ്നങ്ങളാകാം കൊലക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലക്ക് ശേഷം ഒരു ഹോട്ടലില്‍ മുറിയെടുത്ത ഫിലിപ്പ് ഇരു കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഫിലിപ്പിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ മാനസിക ചികില്‍സക്കും വിധേയനാക്കും. കൊല കരുതിക്കൂട്ടിയുള്ളതാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.

ഫിലിപ്പിനെ ഫസ്റ്റ് ഡിഗ്രി കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കരുതിക്കൂട്ടിയാണ് കൊലയെന്ന് തെളിഞ്ഞാല്‍ 30 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കും. കൊലയുടെ കാരണങ്ങളെ കുറിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്ന് മെറിന്‍റെ സുഹൃത്ത് പറഞ്ഞു.

ഫിലിപ്പും മെറിനും തമ്മില്‍ പിരിയാന്‍ തീരുമാനിച്ചിരുന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച് നേരത്തെ മെറിന്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. മെറിന്‍റെ മൃതദേഹത്തില്‍ ആഴത്തിലുള്ള നിരവധി മുറിവുകളുള്ളതിനാല്‍ എംബാം ചെയ്യാന്‍ സാധിക്കില്ല. മെറിന്‍‌റെ മൃതദേഹം ഫ്ലോറിഡയില്‍ തന്നെ സംസ്കരിക്കും. കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ വാദം.