India Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നിന്റെ ഇന്റന്റ് വെട്ടിക്കുറച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നിന്റെ ഇന്റന്റ് വെട്ടിക്കുറച്ചതോടെ മരുന്നിനായി പുറത്തെ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. 585 ഇനം മരുന്നുകള്‍ വേണ്ടിടത്ത് 230 ഓളം മരുന്നുകള്‍ മാത്രമേ മെഡിക്കല്‍ കോളജിലുള്ളൂ. ഈ മരുന്നുകളും ഉടനെ തീര്‍ന്നേക്കും.

മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരായ രോഗികള്‍. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് നേരത്തെ നല്കിയിരുന്ന പല മരുന്നുകളും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്നില്ല. ഇതിനെല്ലാം കൂടെയെത്തുന്നവര്‍ നേരെ ഓടുന്നത് പുറത്തെ മെഡിക്കല്‍ ഷോപ്പുകളിലേക്ക്. മരുന്നുകള്‍ക്ക് പുറമെ ഗ്ലൌസ്, ഗ്ലൂക്കോസും മരുന്നും കയറ്റാനായുപയോഗിക്കുന്ന സിറിഞ്ചടക്കമുള്ള ഐ വി കിറ്റ് എന്നിവയും പുറത്ത് നിന്ന് വാങ്ങുകയാണ് ഇവര്‍. ആശുപത്രിയില്‍ നിന്ന് സൌജന്യമായി നല്കിയിരുന്ന ഐ.വി കിറ്റിന് പുറത്ത് 40 മുതല്‍ 60 രൂപ വരെ നല്കണം. ജീവന്‍രക്ഷാമരുന്നുകള്‍ക്കും മെഡിക്കല്‍ കോളേജില്‍ വലിയ ക്ഷാമം തുടങ്ങിയിട്ടുണ്ട്. വലിയ വിലയുള്ള മരുന്നുകള്‍ക്കും ആശ്രയം പുറത്തെ മെഡിക്കല്‍ ഷോപ്പുകള്‍ തന്നെ.

മറ്റ് മെഡിക്കല്‍ കോളേജുകളെയും ഐ.എം.സി എച്ചിനെയും സ്റ്റോക്കില്ലാത്ത മരുന്നുകള്‍ക്കായി ആശ്രയിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഇതെത്ര കാലം തുടരുന്നമെന്ന കാര്യത്തിലും ആശങ്കയുണ്ട്. നിലവില്‍ ആശുപത്രിയിലുള്ള മരുന്നുകളുടെ സ്റ്റോക്ക് ഈ മാസത്തോടെ തീര്‍ന്നേക്കും.