India Kerala

സംസ്ഥാനത്തിന്റെ അലംഭാവം; സർക്കാർ മെഡിക്കൽ കോളേജുകളിൽ 300 സീറ്റ് നഷ്ടം

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ 300 ബിരുദാനന്തര ബിരുദ സീറ്റുകൾ നഷ്ടമായി. പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി മാറ്റുന്നതിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകാത്തതാണ് കാരണം. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളും മറ്റു സംസ്ഥാനങ്ങളും കൃത്യസമയത്ത് അപേക്ഷ നൽകി സീറ്റുകൾ നേടിയെടുത്തു.

മെഡിക്കൽ കോളജുകളിലെ പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി ഉയർത്താൻ ദേശീയ മെഡിക്കൽ കൌൺസിൽ തീരുമാനിച്ചിരുന്നു. മെഡിക്കൽ കൗൺസിൽ നിബന്ധനകളിൽ ഇളവു നൽകിയതിനാൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ പി.ജി ഡിഗ്രി കോഴ്സുകൾ നേടിയെടുക്കാനുള്ള സാഹചര്യമാണ് ഇതോടെ ഒരുങ്ങിയത്. ഇതനുസരിച്ച് കോഴ്സുകൾ ആവശ്യമുള്ള മെഡിക്കൽ കോളജുകളോട് അപേക്ഷ നൽകാൻ മെഡിക്കൽ കൗൺസിൽ നിർദേശിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ചാൽ മാത്രമേ സർക്കാർ മെഡിക്കൽ കോളജുകൾക്ക് മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകാൻ സാധിക്കൂ. എന്നാൽ സർക്കാർ മെഡിക്കൽ കോളജുകൾ പലതവണ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന ആരോഗ്യവകുപ്പ് അപേക്ഷ നൽകാൻ അനുമതി നൽകിയില്ല.

ദേശീയ തലത്തിൽ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് കേന്ദ്ര സർക്കാർ മെഡിക്കൽ കോഴ്സുകളുടെ എണ്ണം വർധിപ്പിക്കുന്നത്. അധ്യാപക ജോലിക്കും സൂപ്പർ സ്പെഷ്യാലിറ്റി ഉപരിപഠനത്തിനും പി.ജി ഡിപ്ലോമ മതിയാവില്ല. അത്തരമൊരു സാഹചര്യത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് ഗുണകരമാകുന്ന നല്ല അവസരമാണ് സംസ്ഥാന സർക്കാർ ഇല്ലാതാക്കുന്നത്.