Kerala

കോടികളുടെ കുടിശ്ശിക: ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാര്‍

കുടിശ്ശിക തീര്‍ക്കാതെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാര്‍. കോടികള്‍ കുടിശ്ശികയുള്ളതിനാല്‍ സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിര്‍ത്തുന്നത്.‌ എന്നാല്‍ വിതരണം നിര്‍ത്തുമെന്ന് കാട്ടിയുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ പ്രതികരണം.

2014 മുതല്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ തുകയായി അഞ്ചുകോടിയോളം രൂപ യാണ് വിനായക എന്റര്‍പ്രൈസസെന്നവിതരണ കമ്പനിക്ക് കിട്ടാനുള്ളത്. വാസ്മ് ടെക്നോളജീസിന് കിട്ടാനുള്ളത് ഒന്നരക്കോടി. ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്റ് അടക്കം കാത്ത് ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളാണിത്.

ഇങ്ങനെ വിവിധ കമ്പനികള്‍ക്കായി ഏഴുകോടിയോളം രൂപ കുടിശ്ശികയുണ്ട്. കുടിശ്ശിക തീര്‍ക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടാവാത്തതിനാലാണ് വിതരണ കമ്പനികളുടെ കര്‍ശന തീരുമാനം.

എന്നാല്‍ വിതരണം നിര്‍ത്തുകയാണെന്ന തീരുമാനം അറിഞ്ഞിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റ പ്രതികരണം. നേരത്തെ വിതരണം ചെയ്ത ഉപകരണങ്ങള്‍ ആശുപത്രിയില്‍ ബാക്കിയുണ്ട്. ഇവ തീര്‍ന്നാല്‍ ശസ്ത്രക്രിയകളടക്കം പ്രതിസന്ധിയിലാകും.

വിതരണം നിര്‍ത്തുമെന്ന കടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിതരണക്കാര്‍. അടിയന്തരപരിഹാരം കണ്ടില്ലെങ്കില്‍ കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയാകും നേരിടേണ്ടിവരിക.