ത്രിപുരയിലെ അക്രമങ്ങളെക്കുറിച്ച് പരാതി പറയാനെത്തിയ സി.പി.എം വനിത എം.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച അമിത് ഷായ്ക്ക് കിട്ടിയ ചുട്ടമറുപടിയാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. താന്‍ വന്നത് ബി.ജെ.പി അധ്യക്ഷനെ കാണാനല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണെന്നുമായിരുന്നു ഝർണാദാസ് എം.പിയുടെ മറുപടി. അമിത് ഷായ്ക്ക് നല്‍കിയ മറുപടിയുടെ പശ്ചാത്തലത്തില്‍ എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ബി.ജെ.പി അധ്യക്ഷനുള്ള വിമര്‍ശം. ”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്.” – രാജേഷ് പറയുന്നു.
അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്.
ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്.” ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ്, ബി.ജെ.പി. അധ്യക്ഷനെയല്ല ” എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝർണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ” ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും “. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.
പ്രത്യയശാസ്ത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ. ലാൽസലാം ഝർണാദാസ്.