Kerala

കോഴിക്കോട് മാലിന്യ പ്ലാന്റിലെ തീപിടുത്തം; കോര്‍പറേഷന്റെ വീഴ്ചയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്ന് മേയര്‍

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മേയര്‍ ബീന ഫിലിപ്പ്. കോര്‍പറേഷന്റെ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. പ്ലാന്റില്‍ വൈദ്യുത കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകില്ലെന്നും മേയര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. താന്‍ രാജിവയ്ക്കണമെന്ന് പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണെന്നും ബീന ഫിലിപ്പ് പ്രതികരിച്ചു.(Mayor Beena Philip about Kozhikode waste plant fire)

സംഭവത്തില്‍ ഫോറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തും. തീപിടുത്ത കാരണം കണ്ടെത്താനാണ് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നത്. മാലിന്യ പ്ലാന്റിന്റെ സമീപത്തുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നല്ല തീ പടര്‍ന്നത് എന്ന് കെഎസ്ഇബി കോര്‍പ്പറേഷന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: പാലക്കാട് അടക്ക മോഷണം ആരോപിച്ച് മർദ്ദനം: സിപിഐഎം പ്രവർത്തകർ പ്രതിയായ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ബിജെപി

തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി ആരോപണം ഉണ്ടെന്നാണ് കോര്‍പ്പറേഷന്‍ വാദം. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണവും ഇന്ന് ആരംഭിക്കും. അതേസമയം കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാന്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബിജെപി ഇന്ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.