Kerala

‘ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ’; തെളിവുകൾ പതിനൊന്ന് മണിക്ക് പുറത്തുവിടുമെന്ന് മാത്യു കുഴൽനാടൻ

നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രി മകൾക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയൻറെ കമ്പനിക്ക് PWC ഡയറക്ടറുമായി ബന്ധമുണ്ട്. വീണയുടെ മകളുടെ കമ്പനി വെബ്‌സൈറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെളിവുകൾ പതിനൊന്ന് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ച് പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങൾ മാറ്റിയിരുന്നു. ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ വിജയൻ കുറിച്ചിരുന്നുവെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. പി.എസ്.സി. ഉദ്യോഗാർഥികൾ സമരം ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപ ശമ്പളം നൽകിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചതെന്നും പറഞ്ഞു.

താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. ‘എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി ഒച്ചവെക്കുമ്പോൾ ചുരുണ്ടുകൂടിയിരിക്കുന്ന പലരേയും കണ്ടിട്ടുണ്ടാവും. എന്നെ ആ ഗണത്തിൽ പെടുത്തണ്ട. ഇന്നു വരെ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ’- എംഎൽഎ കൂട്ടിച്ചേർത്തു.