ഇവ മനുഷ്യരിലേക്ക് പകരില്ല. തീറ്റയിലെ പൂപ്പൽ മൂലവും താറാവുകൾ ചത്തതായും പരിശോധനയിൽ തെളിഞ്ഞു
കുട്ടനാട് മേഖലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയെ തുടർന്നല്ല പകരം റൈമറല്ല അണുബാധ മൂലമെന്ന് മൃഗസംരക്ഷണ വകുപ്പ് . ഇവ മനുഷ്യരിലേക്ക് പകരില്ല. തീറ്റയിലെ പൂപ്പൽ മൂലവും താറാവുകൾ ചത്തതായും പരിശോധനയിൽ തെളിഞ്ഞു.
തിരുവല്ല മഞ്ഞാടിയിലെ പക്ഷി രോഗനിർണ്ണയ കേന്ദ്രത്തിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് റൈമറല്ല ബാക്ടീരിയ സ്ഥിരീകരിച്ചത്. ചമ്പക്കുളം, ഒന്നാംകര, തലവടി എന്നിവിടങ്ങളിലെ സാമ്പിളുകളിൽ റൈമറല്ല അണുബാധ തെളിഞ്ഞു. കണ്ടങ്കരി ഭാഗത്ത് താറാവുകൾ ചത്തത് തീറ്റയിലെ പൂപ്പൽ ബാധ മൂലമാണെന്നും വ്യക്തമായി. ആവശ്യമെങ്കിൽ സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേയ്ക്ക് അയക്കും.
കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടായിരത്തോളം താറാവുകൾ ഈ മേഖലയിൽ ചത്തു. ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് പണം മുടക്കിയ കർഷകർ ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇവർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നാണ് കർഷക പ്രതിനിധികളുടെ ആവശ്യം.