India Kerala

മരട് ഫ്ലാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി, ആശങ്കയോടെ പ്രദേശവാസികള്‍

മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിന് മുമ്ബായി വീടൊഴിയാന്‍ തുടങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. സ്ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂര്‍ നേരത്തേയ്ക്ക് മാറി നില്‍ക്കാനാണ് നിര്‍ദ്ദേശമെങ്കിലും ഫ്ലാറ്റുകളോട് തൊട്ട് താമസിക്കുന്നവര്‍ വീടൊഴിയുകയാണ്. വീട്ടു സാധനങ്ങളുമായാണ് ഇവര്‍ താമസം മാറുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതിനാലാണ് തീരുമാനം.

ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഫ്ലാറ്റുകളോട് ചേര്‍ന്നുള്ള മിക്ക വീടുകളിലും വിള്ളല്‍ വീഴ്ന്നിരുന്നു. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്ക വര്‍ദ്ധിച്ചത്. സ്ഫോടനത്തിന്റെ ആഘാതം എത്രയാകുമെന്നത് സംബന്ധിച്ച്‌ അധികൃതര്‍ കൃത്യമായ വിവരം നല്‍കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

അതേ സമയം ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സ്ഫോടക വസ്തുക്കള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആദ്യദിനം ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയമാണ് തകര്‍ക്കുക. ഫ്ലാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച്‌ തുടങ്ങി. ജനുവരി 11 മുതലാണ് ഫ്ലാറ്റുകള്‍ പൊളിച്ചുതുടങ്ങുക. നിയന്ത്രിത സ്ഫോടനം നടത്തുന്ന ദിവസം 10 മിനിറ്റ് നേരം മാത്രമെ ഗതാഗത നിയന്ത്രണം ഉണ്ടാവുകയുള്ളു. അതേ സമയം നാട്ടുകാര്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സ്ഫോടനങ്ങള്‍ക്ക് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഓരോ ഫ്ലാറ്റുകളുടെയും 200 മീറ്റര്‍ പരിധിയില്‍ ഉള്ളവരെയാണ് സ്ഫോടന ദിവസം ഒഴിപ്പിക്കുന്നത്.