ഒഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് മരട് ഫ്ലാറ്റിലെ താമസക്കാര്‍. ഇന്നലെ നഗരസഭക്ക് മുന്നില്‍ നടത്തിയ നിരാഹാര സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചതിനാല്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ വീണ്ടും ധര്‍ണ നടത്താനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭ ഒഴിപ്പിക്കല്‍ നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് ഫ്ലാറ്റുടമകള്‍ മരട് നഗരസഭക്ക് മുന്നില്‍ തിരുവോണ ദിനമായ ഇന്നലെ നിരാഹാരം സമരം നടത്തിയത്. തുടര്‍ന്നും പ്രത്യക്ഷ സമര പരിപാടിയുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. ഇതോടൊപ്പം നഗരസഭ നോട്ടീസ് നല്‍കിയതിനെ നിയമപരമായി നേരിടും.
ഇന്നലത്തെ സമരത്തിന് മത രാഷ്ട്രീയ കക്ഷി ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരില്‍ നിന്ന് ലഭിച്ച പിന്തുണ തങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്ന് ഫ്ലാറ്റുടമകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണുമെന്ന പ്രതീക്ഷയും ഇവര്‍ കൈവിടുന്നില്ല.