മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി നാളെ അവസാനിക്കും. സര്‍വകക്ഷി യോഗത്തില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മാത്രം നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് മരട് നഗരസഭ.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഇരുപതാം തിയതിക്കകം പൊളിച്ച് നീക്കി 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം. നിയമപരമായി സ്വന്തമാക്കിയ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്ന് ഫ്ലാറ്റുടമകള്‍ നിലപാടെടുക്കുകയും സമരം ആരംഭിക്കുകയും ചെയ്തു. ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് സര്‍വ്വ കക്ഷിയോഗത്തില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മാത്രം തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് മരട് നഗരസഭ.
ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് 13 കമ്പനികളാണ് നഗരസഭക്ക് കത്ത് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മതിയെന്ന നിലപാടിലാണ് നഗരസഭ.