India Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്തുമെന്ന് ജില്ലാഭരണകൂടം

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങൾ പൂർണ്ണമായി നികത്തുമെന്ന് ജില്ലാഭരണകൂടവും വ്യക്തതയില്ലെന്ന് മരട് നഗരസഭയും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനിടെ വീടുകൾക്ക് ഉൾപ്പെടെ നഷ്ടമുണ്ടായാൽ ഇൻഷുറൻസ് ലഭ്യമാക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. ഉറപ്പുകൾ രേഖാമൂലം ലഭിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് നഗരസഭയുടെ തീരുമാനം.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് സമീപവാസികളുടെ ആശങ്ക അകറ്റുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ജില്ലാ കളക്ടറുടെ നേൃത്വത്തിൽ യോഗം ചേർന്നത്. സ്ഫോടനത്തിനു മുൻപുള്ള തയ്യാറെടുപ്പിനിടെ നാശമുണ്ടായാൽ പൊളിക്കൽ കമ്പനികൾ നഷ്ടപരിഹാരം നൽകും. കെട്ടിടങ്ങളിൾ സ്ഫോടനം നടത്തുമ്പോൾ അവശിഷ്ടങ്ങൾ തെറിച്ചുവീഴാതിരിക്കാൻ കയർ ഭൂവസ്ത്രവും ലോഹ പ്ലേറ്റുകളും സ്ഥാപിക്കും.

എന്നാൽ ജില്ലാ ഭരണകൂടം ഇക്കാര്യം രേഖാമൂലം നൽകാത്തതിനാൽ വ്യക്തതയില്ലെന്നാണ് മരട് നഗരസഭയുടെ നിലപാട്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പൂർണ്ണമായ പരിഹാരം കാണാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നും നഗരസഭക്കും പ്രദേശവാസികളും ആരോപിക്കുന്നു. ഹൈബി ഈഡൻ എം.പി, എം.സ്വരാജ് എം.എൽ.എ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.