മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള മെക്കാനിക്കല്‍ മെത്തേഡിന് പ്രാഥമിക രൂപ രേഖ നഗരസഭ തയ്യാറാക്കി. കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ഓരോ ഭാഗങ്ങള്‍ അടര്‍ത്തി മാറ്റുന്ന രീതിയാണ് മരടില്‍ നടപ്പിലാക്കുക. മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യാനുള്ള പദ്ധതികളെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
നിയന്ത്രിത സ്ഫോടനങ്ങള്‍ സുരക്ഷിതമാണെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചതെങ്കിലും നഗരസഭ ഇത് തള്ളിയതോടെയാണ് മെക്കാനിക്കല്‍ മേത്തേഡ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കാലതാമസം ഉണ്ടാവുമെങ്കിലും ഓരോ ഭാഗങ്ങള്‍ യന്ത്രസഹായത്തോടെ ദുര്‍ബലമാക്കി ക്രെയിനുകളുടെ സഹായത്തോടെ താഴെയിറക്കും. ഇതോടെ സമീപത്തെ കെട്ടിടങ്ങളിലെ ആളുകളെ പോലും ഒഴിപ്പിക്കേണ്ടി വരില്ല. പൊടിപടലങ്ങളുടെ ശല്യവും കുറവായിരിക്കും. 35 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെ ഉയരത്തില്‍ ക്രെയിന്‍ ഉപയോഗിക്കാന്‍ കഴിയും. 50 മീറ്ററിന് മുകളിലുള്ള ഭാഗം തൊഴിലാളികള്‍ നേരിട്ട് പൊളിക്കും. മരടിലെ ഫ്ലാറ്റുകളുടെ ശരാശരി ഉയരം 56 മീറ്ററാണ്. പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ഒക്ടോബര്‍ 9 ന് പൂര്‍ത്തിയായി 11 ന് പൊളിക്കാന്‍ ആരംഭിക്കും.
മാലിന്യനിര്‍മാര്‍ജ്ജനം പൊളിക്കുന്ന കമ്പനിയുടെ ഉത്തരവാദിത്തമാണെങ്കിലും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്താമോ എന്ന കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യുമെന്ന് കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു. മറ്റന്നാൾ മുതൽ താമസക്കാരെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിപ്പിച്ച് തുടങ്ങുമെന്നാണ് വിവരം. എന്നാല്‍ സുപ്രിം കോടതി ഉത്തരവിൽ പറഞ്ഞ താല്‍ക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ മുടക്കു മുതലിന്റെ നാലിൽ ഒന്ന് വരില്ലെന്നും അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ലഭിക്കാതെ ഫ്ലാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്നുമാണ് ഉടമകളുടെ നിലപാട്. തുടര്‍ നടപടിയുടെ ഭാഗമായി ഫ്ലാറ്റുകളിലെ പാചക വാതക വിതരണവും ടെലഫോൺ ബന്ധവും ഉടൻ നിർത്തലാക്കും.