Kerala

പെരുവണ്ണാമൂഴിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍

കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍ പതിച്ചു. മുതുകാട്ടെ ഖനനം ചെറുക്കുക, സിപിഐഎം നുണകള്‍ തിരിച്ചറിയുക എന്നീ ആഹ്വാനങ്ങളും പോസ്റ്ററിലുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

പെരുവണ്ണാമൂഴി മുതുകാട് നാലാം ബ്ലോക്കിലെ ഉദയഗിരിയിലാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ കണ്ടത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചത്. സമീപത്തായി ഒരു ബാനറും കെട്ടിയിട്ടുണ്ട്. പയ്യാനിക്കോട്ടയെ തുരന്നെടുക്കാന്‍ അനുവദിക്കരുത്, കൃഷിഭൂമി സംരക്ഷിക്കുക, ഖനനം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്.

സിപിഎമ്മിനെതിരെയും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും പോസ്റ്ററില്‍ ആഹ്വാനങ്ങളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനിലിന് നേരത്തെ തണ്ടര്‍ ബോള്‍ട്ട് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മലയോര മേഖലയായ പെരുവണ്ണാമൂഴിയില്‍ മുന്‍പും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.