വയനാട് ലക്കിടിയിൽ സ്വകാര്യ റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘം മാന്യമായാണ് പെരുമാറിയതെന്ന് റിസോർട്ട് അധികൃതർ. പണം കൈമാറുന്നതിനിടയിൽ പൊലീസ് എത്തി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായതെന്നും റിസോര്‍ട്ട് അധികൃതര്‍ പറയുന്നു.
രാത്രി ഏഴേ മുക്കാലോട് കൂടിയാണ് മാവോയിസ്റ്റ് സംഘം റിസോർട്ടിലെത്തിയത്. പത്ത് പേർക്കുള്ള ഭക്ഷണവും പണവുമാണ് ഇവർ ആവശ്യപ്പെട്ടത്. ഇവർ ഇടക്ക് കൈവശമുണ്ടായിരുന്ന തോക്ക് എടുത്ത് കാണിച്ചിരുന്നു. എന്നാൽ ഇവർ ജീവനക്കാരോടും ടൂറിസ്റ്റുകളോടും മാന്യമായാണ് പെരുമാറിയതെന്നും റിസോർട്ട് അധികൃതർ പറയുന്നു.
പണം കൈമാറുന്നതിനിടയിലാണ് പൊലീസ് സംഘം റിസോർട്ടിലെത്തിയത്. തുടർന്നാണ് വെടിവെപ്പുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തത്. മാവോയിസ്റ്റ് സംഘം അരമണിക്കൂറിലധികം റിസോർട്ടിലുണ്ടായിരുന്നതായും ഇവർ പറഞ്ഞു.