ഇന്നും ടിവിയില്‍ കണ്ടാല്‍ ഒരിക്കല്‍ കൂടി ഇരുന്ന് കണ്ടുപോകും മണിച്ചിത്രത്താഴിനെ. ഗംഗയും നാഗവല്ലിയും നകുലനും ഡോ. സണ്ണിയും മാടമ്പള്ളിയുമെല്ലാം വീണ്ടും കണ്‍മുന്നില്‍ തെളിയും. മലയാളികള്‍ ഇത്രയേറെ ആസ്വദിച്ചു കണ്ട സൈക്കോ ത്രില്ലര്‍ ചിത്രം വേറെ കാണില്ല. മണിച്ചിത്രത്താഴ് പ്രക്ഷകരിലേക്ക് എത്തിയിട്ട് ഇന്ന് 27 വര്‍ഷം തികയുകയാണ്. 1993 ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച ക്ലാസിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. പ്രിയദര്‍ശന്‍, സിദ്ധിഖ-ലാല്‍, സിബി മലയില്‍ എന്നിവര്‍ ചിത്രത്തിന്‍റെ രണ്ടാം യൂണിറ്റ് സംവിധായകരായും പ്രവര്‍ത്തിച്ചു. മധു മുട്ടത്തിന്‍റെതായിരുന്നു കഥ. ദ്വന്ദ്വ വ്യക്തിത്വമുള്ള ഗംഗയും നകുലനും മാടമ്പള്ളി തറവാട്ടിലേക്ക് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ശോഭനയായിരുന്നു ഗംഗയെയും നാഗവല്ലിയെയും അവതരിപ്പിച്ചത്. ശോഭനയുടെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമായിരുന്നു നാഗവല്ലിയും ഗംഗയും. ചിത്രത്തിലെ ” ഇന്നേക്ക് ദുര്‍ഗാഷ്ടമി’ എന്ന സംഭാഷണ രംഗവും ഒരു മുറൈവന്ത് പാര്‍ത്തായാ എന്ന ഗാനരംഗവും ശോഭന തന്‍റെ അഭിനയ മികവ് കൊണ്ട് അനശ്വരമാക്കി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനക്ക് നേടിക്കൊടുത്തു.
1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ചിത്രം നേടി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളില്‍ ചിത്രം റീമേക്ക് ചെയ്തു. ഇവയെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.
മോഹന്‍ലാല്‍,സുരേഷ് ഗോപി, തിലകന്‍, നെടുമുടി വേണു, വിനയപ്രസാദ്,ഇന്നസെന്‍റ്, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ് കുമാര്‍, ശ്രീധര്‍, കുതിരവട്ടം പപ്പു, രുദ്ര തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ജോണ്‍സന്‍റെ പശ്ചാത്തല സംഗീതവും എം.ജി രാധാകൃഷ്ണന്‍റെ ഈണവും ചിത്രത്തിനെ കൂടുതല്‍ മനോഹരമാക്കി. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിര്‍മ്മിച്ച ചിത്രം 5 കോടിയാണ് നേടിയത്.