India Kerala

സംവിധായകന്‍,നിര്‍മ്മാതാവ്, കായികതാരം; ഇപ്പോള്‍ പാലായുടെ എം.എല്‍.എയും

പാലായില്‍ മൂന്ന് തവണ പരാജയപ്പെട്ടതിന്റെ മധുര പ്രതികാരമാണ് മാണി സി കാപ്പന് നാലാം അങ്കത്തിലെ മിന്നുന്ന വിജയം. കേരള കോണ്‍ഗ്രസിന്റെ കോട്ടകളിലെല്ലാം വിള്ളലുണ്ടാക്കിയാണ് മാണി സി കാപ്പന്റെ മുന്നേറ്റം. കായിക രംഗത്തും സിനിമ രംഗത്തും വെന്നിക്കൊടി പാറിച്ച ശേഷമാണ് കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നത്.

ചലച്ചിത്രമേഖലയിലെ ഹിറ്റ് നിര്‍മാതാവാണ് മാണി സി കാപ്പന്‍. കാശ് വാരിയ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ നിര്‍മാണം കാപ്പനായിരുന്നു. ചിത്രത്തിന്റെ സംവിധാനത്തിലും കാപ്പന്‍ പങ്കാളിയായിരുന്നു. 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വോളിബോള്‍ കോര്‍ട്ടിലും മിന്നുന്ന താരമായിരുന്നു മാണി സി കാപ്പന്‍. സിനിമയിലും കായിക രംഗത്തും തിളങ്ങിയെങ്കിലും രാഷ്ട്രീയ രംഗത്ത് നാലാമങ്കത്തില്‍ മാത്രമാണ് ജയിക്കാനായത്. പാല നിയമസഭ മണ്ഡലത്തില്‍ സാക്ഷാല്‍ കെ.എം മാണിക്കെതിരെ മൂന്ന് തവണയാണ് തോറ്റത്. 2006 ല്‍ 7759 വോട്ടിനാണെങ്കില്‍ 2011ല്‍ 5259 വോട്ടായി തോല്‍വി ഭാരം കുറഞ്ഞു.

കഴിഞ്ഞ തവണ വീണ്ടും ഭൂരിപക്ഷം 4703 ആയി കുറച്ചെങ്കിലും ജയിക്കാനായില്ല. ഇത്തവണ കേരള കോണ്‍ഗ്രസിലെ പടലപിടക്കവും കെ എം മാണിയെന്ന കരുത്തനായ എതിരാളിയുടെ അഭാവവും കാപ്പന് തുണയായി. ഒപ്പം മൂന്ന് തവണ തോറ്റ സ്ഥാനാര്‍ത്ഥിയെന്ന സഹതാപവും വോട്ടായി മാറി. സിനിമക്കും സ്പോര്‍ട്സിനുമൊപ്പം രാഷ്ട്രീയത്തിലുമുണ്ട് പാരമ്പര്യം. സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എം.പിയുമായിരുന്ന ചെറിയാന്‍ ജെ. കാപ്പനാണ് അച്ഛന്‍. നിലവില്‍ എന്‍.സി.പിയുടെ ദേശീയ നിര്‍വാഹക സമിതിയംഗമാണ്.