മാണി സി കാപ്പന് പാലാ സീറ്റ് വിട്ട് നൽകി 12 സീറ്റിൽ കേരള കോൺഗ്രസ് മത്സരിക്കുമെന്ന് പി ജെ ജോസഫ്. 11ആം തിയ്യതി നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. തിരുവല്ല സീറ്റ് വിട്ടുനൽകില്ല. തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകുമെന്നും പി ജെ ജോസഫ് മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മത്സരിച്ച 15 സീറ്റുകള്‍ തന്നെ ഇത്തവണയും വേണമെന്നാണ് പി ജെ ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ ആ ആവശ്യത്തില്‍ നിന്ന് പി ജെ ജോസഫ് അയഞ്ഞു. തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോണ്‍ഗ്രസിന് വിട്ടുനല്‍കുമെന്നും പകരം സീറ്റ് ആവശ്യപ്പെടില്ലെന്നുമാണ് ജോസഫ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മാണി സി കാപ്പന്‍റെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. പാലാ സീറ്റ് സംബന്ധിച്ച് എൽഡിഎഫ് ഇനിയും മൗനം പാലിക്കുന്നത് ദുരൂഹമെന്നാണ് കാപ്പന്റെ വിലയിരുത്തൽ. യുഡിഎഫ് നേതാക്കളുമായി അവസാനവട്ട ചർച്ചകൾ ഏതാണ്ട് പൂർത്തിയായതോടെയാണ് പൊതുസമ്മതനായി മാണി സി കാപ്പൻ പാലായിൽ ഇറങ്ങുമെന്ന് ഉറപ്പായത്. കാപ്പൻ സ്ഥാനാര്‍ഥിയായില്ലെങ്കിൽ യുഡിഎഫിന് മറ്റൊരു ശക്തൻ പാലായിൽ ഇല്ല എന്നതും തീരുമാനത്തിലേക്ക് എത്താൻ കാരണമായി. രമേശ് ചെന്നിത്തലയുമായി കാപ്പൻ കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടിരുന്നു.
രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര ശനി, ഞായർ ദിവസങ്ങളിൽ കോട്ടയത്ത് എത്തുമ്പോൾ പാലായിലെ വേദിയിൽ കാപ്പനെ എത്തിക്കാനാണ് യുഡിഎഫ് തീരുമാനം. മാണി സി കാപ്പനൊപ്പം എൻസിപിയിലെ ഒരു വിഭാഗത്തെ യുഡിഎഫിൽ എത്തിക്കണമെന്ന നിർദേശമാണ് യുഡിഎഫ് നേതാക്കൾ കാപ്പന് നൽകിയിട്ടുള്ളത്.