Kerala

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഒരാഴ്ച മുതല്‍ ട്രയല്‍ നടത്തി; തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഐഎ

മംഗളൂരു സ്‌ഫോടനത്തിന് മുന്‍പ് പ്രതി ഷാരിക് ട്രയല്‍ നടത്തിയിരുന്നെന്ന് എന്‍ഐഎ. സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍ വച്ച് പ്രതി ട്രയല്‍ നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത് സംഭവത്തിന്റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. 

മംഗളൂരു സ്‌ഫോടനക്കേസില്‍ കേരളത്തിലും തമിഴ്‌നാട്ടിലും സമാന്തര അന്വേഷണം നടക്കുന്നുവെന്ന് കര്‍ണാടക ആഭ്യന്തരരമന്ത്രി അരഗ ജ്ഞാനേന്ദ്ര കുമാര്‍ പറഞ്ഞു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിലൂടെ പ്രതി കലാപമുണ്ടാനാണ് ശ്രമിച്ചതെന്ന് കര്‍ണാടക ഡിജിപിയും വ്യക്തമാക്കി. ഷാരികിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം നേരത്തെ വ്യക്തമായതാണെന്നും ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഉടന്‍ ചോദ്യം ചെയ്യുമെന്നും ഡിജിപി പറഞ്ഞു.

സ്ഫോടനം ആസൂത്രണം ചെയ്ത അബ്ദുള്‍ മദീന്‍ താഹയ്ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി , മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. അതേസമയം കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും, സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂദും മംഗളുരുവിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും .സ്ഫോടനം നടന്ന സ്ഥലം ഇരുവരും സന്ദര്‍ശിക്കും.