India Kerala

മഞ്ചേശ്വരം പിടിക്കാന്‍ മുന്നണികള്‍; പ്രാദേശികവാദം ശക്തം

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മഞ്ചേശ്വരം മണ്ഡലത്തില്‍ മൂന്ന് മുന്നണികളിലും ആശയക്കുഴപ്പം ശക്തമാണ്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന ഒരു വിഭാഗത്തിന്റെ നിലപാടാണ് ലീഗിനെ ആശങ്കയിലാഴ്ത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബി.ജെ.പിക്കകത്തും ആശയക്കുഴപ്പം തുടരുകയാണ്.

മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാനായി നേരത്തെ തന്നെ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്പുണ്ടായിരുന്ന പ്രാദേശിക വാദം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളോടെ ശക്തിപ്പെട്ടിരിക്കുകയാണ് . മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാവശ്യമാണ് യു.ഡി.എഫിലും എന്‍.ഡി.എയിലും പ്രാദേശിക തലത്തില്‍ നിന്നും ഉയര്‍ന്ന് വന്നിരിക്കുന്നത് .

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനെ തന്നെ തീരുമാനിച്ചതായാണ് സൂചന . എന്നാലും ഔദ്യോഗിക പ്രഖ്യാപനം നീളുകയാണ് . ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മറ്റ് മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെയും സ്വാധീനിക്കും. മണ്ഡലത്തില്‍ പൊതു സ്വതന്ത്രനായുള്ള നീക്കങ്ങളും എന്‍.ഡി.എയുടെയും എല്‍.ഡി.എഫിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.