Kerala

കൊല്ലത്ത് പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്ത പ്രതി അറസ്റ്റില്‍

കൊല്ലം പുനലൂരില്‍ പൊലീസിനെ ആക്രമിച്ച് പൊലീസ് ജീപ്പ് തകര്‍ത്ത പ്രതി അറസ്റ്റില്‍. പുനലൂര്‍ കാര്യറ സ്വദേശിയായ നിസാറുദ്ദീന്‍ ആണ് അറസ്റ്റിലായത്. കടയുടമയെ വധിക്കാന്‍ ശ്രമിച്ചതിനും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും, പൊലീസ് ജീപ്പ് തകര്‍ത്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കാപ്പാ നിയമപ്രകാരം ഇയാള്‍ ഏറെക്കാലം ജയിലിലായിരുന്നു. 

ആറുമാസം മുന്‍പാണ് കാപ്പാ നിയമപ്രകാരമുള്ള തടവ് കഴിഞ്ഞ് നിസാറുദ്ദീന്‍ പുറത്തിറങ്ങിയത്. ഇയാള്‍ക്കെതിരെ കഴിഞ്ഞദിവസം പൊലീസില്‍ പരാതി ലഭിച്ചു. കഴിഞ്ഞദിവസം കാര്യറ ജംഗ്ഷനില്‍ വച്ച് പരാതി നല്‍കിയയാളെ ഇയാള്‍ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് നേരെയായി അക്രമം. കടകളില്‍ കയറി അക്രമം നടത്തുകയും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇയാള്‍ അവരെയും കയ്യേറ്റം ചെയ്തു. പിന്നാലെ പൊലീസ് ജീപ്പിന്റെ ചില്ല് തല്ലിത്തകര്‍ക്കുകയും ചെയ്തു. പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘമെത്തെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

കടയുടമയെ വധിക്കാന്‍ ശ്രമിച്ചതിനും, പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചതിനും, പൊലീസ് ജീപ്പ് തകര്‍ത്തതിനും കേസെടുത്തു. ഇയാള്‍ക്കെതിരെ പുനലൂര്‍, കുന്നിക്കോട് പൊലീസ് സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചിലധികം കേസുകള്‍ ഉണ്ട്. ജയിലില്‍ നിന്ന് ഇറങ്ങിയശേഷം നിസാറുദ്ദീന്‍ ഗുണ്ടാ പിരിവ് നടത്തിയിരുന്നതായി പരാതിയുണ്ട്. വീണ്ടും പ്രതിക്കെതിരെ കാപ്പാ ചുമത്തുമെന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.