പിന്നാക്കം നിൽക്കുന്ന നാൽപ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കി പൂർവ വിദ്യാർഥിക്കൂട്ടായ്മ. മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യ കോളജിലെ വിദ്യാർഥിക്കൂട്ടായ്മയായ ഓസ്‌ഫോജനയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിവാഹം നീണ്ടുപോയ യുവതി യുവാക്കളാണ് പുതു ജീവിതത്തിലേക്ക് കടന്നത്. വധൂവരന്മാരെ മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം, നീലഗിരി ജില്ലകളിൽ നിന്നാണ് തിരഞ്ഞെടുത്തത്. പതിനെട്ട് മുസ്ലിം, രണ്ട് ഹിന്ദു വധൂവരന്മാരാണ് അവരവരുടെ മതാചാരപ്രകാരം വിവാഹിതരായത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.
വധുവിന് പത്ത് പവൻ സ്വർണവും വരന് മഹർ നൽകാനായി ഒരു പവൻ സ്വർണവും നൽകി.ആയിരക്കണക്കിന് ആളുകൾ നവദമ്പതികള്‍ക്ക് അനുഗ്രഹവുമായി വിവാഹത്തിന് എത്തിയിരുന്നു .എല്ലാവർക്കും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.