India Kerala

മഞ്ചേശ്വരത്ത് പ്രചാരണം ഊര്‍ജ്ജിതമാകുന്നു, ദേശീയ നേതാക്കള്‍ അടക്കമുളളവര്‍ ഇന്ന് മുതല്‍ മണ്ഡലത്തിലെത്തും

മഞ്ചേശ്വരത്ത് പ്രചാരണം ഊര്‍ജ്ജിതമാകുന്നു. ദേശീയ നേതാക്കള്‍ അടക്കമുളളവര്‍ ഇന്ന് മുതല്‍ മണ്ഡലത്തിലെത്തും. സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. പഞ്ചായത്ത്തല കണ്‍വെന്‍ഷനുകളും ബൂത്ത് തല പ്രവര്‍ത്തനങ്ങളും ശക്തിപെടുത്തി വോട്ട് ഉറപ്പിക്കാനുളള ശ്രമത്തിലാണ് വിവിധ മുന്നണികള്‍. എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ അവസാന ഘട്ടത്തിലാണ്. സംസ്ഥാന ദേശീയ നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രചാരണം ശക്തമാക്കാനുളള ശ്രമത്തിലാണ് മുന്നണികള്‍.

ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീല്‍ , സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും. വിവിധ മുന്നണികളുടെ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ ഏറെ ദിവസങ്ങളായി മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണ രംഗത്തുണ്ട്. സംസ്ഥാന – ദേശീയ രാഷ്ട്രീയത്തിനൊപ്പം പ്രാദേശിക വിഷയങ്ങളും മഞ്ചേശ്വരത്ത് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്..

രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് മുന്നണികള്‍. ഇന്ന് ഉപ്പളയില്‍ നടക്കുന്ന മണ്ഡലം കണ്‍‍വെന്‍ഷനോടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമാകും.. , കുമ്പള പഞ്ചായത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍ റൈയുടെ ഇന്നത്തെ പര്യടനം. മഞ്ചേശ്വരം , വോര്‍ക്കാടി പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍ ഇന്ന് പര്യടനം നടത്തും.