Kerala

‘അതിജീവിതയെ അപമാനിച്ചു’; എൽഡിഎഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി മഹിളാ കോൺഗ്രസ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നേതാക്കൾക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനിൽ പരാതി നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെബി മേത്തറാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. മുൻ മന്ത്രി എം എം മണി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ പ്രതി ചേർത്താണ് മഹിളാ കോൺഗ്രസ് വനിതാ കമ്മീഷന് പരാതി നൽകിയത്.

മൂവരുടെയും ചില പ്രതികരണങ്ങൾ അതിജീവിതയെ സമൂഹത്തിൽ ആക്ഷേപിക്കുന്ന തരത്തിലാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ആളുകളും ഇപ്പോൾ ആ സ്ഥാനങ്ങൾ വഹിക്കുന്ന ആളുകളും ബോധപൂർവം അതിജീവിതയെ സമൂഹത്തിന് മുന്നിൽ ആക്ഷേപിക്കുന്ന തരത്തിലാണ് ചില പ്രസ്താവനകൾ നടത്തിയിരിക്കുന്നത്. ആ പ്രസ്‌താവനകൾ അതിജീവിതയ്ക്ക് മാത്രമല്ല, സ്ത്രീകളെ പൊതുവായി അപമാനിക്കുന്ന തരത്തിലാണ്. ഇക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുഡിഎഫ് മഹിളാ കോൺഗ്രസ് വനിതാ കമ്മിഷന് പരാതി നൽകിയത്.

അതേസമയം അതിജീവിത എപ്പോൾ പരാതി നൽകണം എന്നു തീരുമാനിക്കുന്നത് യുഡിഎഫ് അല്ല എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നീതി കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടിക്ക് നീതി കിട്ടില്ല എന്ന് പി ടി തോമസ് തന്നെ പറഞ്ഞിരുന്നു. ഭരണകൂടത്തിന്‍റെ ഇടപെടൽ വളരെ ശക്തമായതാണ് അതിന് കാരണം. അത് കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സര്‍ക്കാരാണ് ബോധപൂര്‍വ്വം കേസ് അട്ടിമറിച്ചത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പുറത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നത് ലാവലിൻ കേസിലെ പ്രതി മാത്രമാണ്. അത് സംസ്ഥാന സർക്കാരിന്‍റെ പരിധിയിൽ ഉള്ള വിഷയമല്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.