മജിസ്റ്റീരിയല്‍ അധികാരത്തോടെ പൊലീസ് കമീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. പൊതുചർച്ചക്കും സമവായത്തിനും ശേഷമെ അന്തിമ തീരുമാനമെടുകൂ എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊലീസിന് അനിയന്ത്രിത അധികാരം നൽകുന്ന തീരുമാനം ഐ.പി.എസ് ലോബിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
യു.ഡി.എഫ് കാലത്തെടുത്ത തീരുമാനത്തിന്റെ തുടർച്ചയാണ് കമ്മീഷണറേറ്റുകൾ രൂപീകരിക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സമവായത്തിന് ശേഷമെ അന്തിമ തീരുമാനത്തിലേക്ക് പോകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുസമൂഹത്തിൽ നിന്നുയർന്ന വിമർശങ്ങൾ പരിഗണിച്ചാണ് കമ്മീഷണറേറ്റ് രൂപീകരണത്തിൽ നിന്ന് യു.ഡി.എഫ് സർക്കാരുകൾ പിന്നോട്ടു പോയതെന്ന് പ്രതിപക്ഷം മറുപടി പറഞ്ഞു. ജനവികാരം മനസിലാകാത്ത എല്‍.ഡി.എഫ് സർക്കാരിൽ മുഖ്യമന്ത്രി തന്നെ ഇതിന്റെ വക്താവാകുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് കമ്മീഷണർമാരാക്കിയതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
സർക്കാർ വരുത്തുന്ന മാറ്റങ്ങൾ പൊലീസിൽ അസ്വസ്ഥത ഉണ്ടാക്കുന്നതായി രമേശ് ചെന്നിത്തലയും പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നറങ്ങി പോയി.