Kerala

മധു കൊലക്കേസ്; വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധു കേസിലെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മധുവിന്റെ അമ്മയാണ് ഹൈകോടതിയിൽ ഹർജി സമർപ്പിക്കുക.

ഏറെ വിവാദങ്ങൾക്ക് ശേഷം നിയമിച്ച സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സി.രാജേന്ദ്രൻ കോടതിയിൽ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.രണ്ട് സാക്ഷികൾ കൂറുമാറിയതിൽ കുടുംബത്തിന് വലിയ ആശങ്കയുണ്ട്.ഈ സാഹചര്യത്തിലാണ് വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ഹൈകോടതിയെ സമീപിക്കുന്നത്.

122 സാക്ഷികളിൽ രണ്ട് പേരുടെ വിസ്താരം മാത്രമാണ് ഇതുവരെ നടന്നത്.മധുവിന്റെ ബന്ധുവായ 11-ാം സാക്ഷി ചന്ദ്രനും നാട്ടുകാരനായ പത്താം സാക്ഷി ഉണ്ണികൃഷ്ണനും വിസ്താരത്തിനിടെ മൊഴിമാറ്റിയിരുന്നു.