India Kerala

ലംപി സ്കിൻ രോഗം കൂടുതൽ പശുക്കളിൽ കണ്ടെത്തി

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയില്‍ കന്നുകാലികളിൽ പടരുന്ന ലംപി സ്കിൻ ഡിസീസ് കൂടുതൽ പശുക്കളിൽ കണ്ടെത്തി. മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലാണ് വൈറസ് രോഗ ബാധ കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ക്ഷീരമേഖലയെ ആശങ്കയിലാഴ്ത്തിയ ലംപി സ്കിന്‍ ഡിസീസ് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വേഗത്തിലാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. കൂടുതൽ കന്നുകാലികൾ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ഗുജറാത്തിൽ നിന്ന് കാൽ ലക്ഷം കന്നുകാലികൾക്ക് പ്രതിരോധ വാക്സിൻ എത്തിക്കും. കോതമംഗലം താലൂക്കിലെ പിണ്ടിമന, ഊന്നുകൽ, കവളങ്ങാട് ഭാഗത്തും മൂവാറ്റുപുഴ താലൂക്കിലെ മണീട്, വാളകം, മാറാടി പഞ്ചായത്തുകളിലുമാണ് കൂടുതല്‍ രോഗബാധയേറ്റ പശുക്കളുള്ളത്. കുന്നത്തുനാട് പഞ്ചായത്തിലെ നെല്ലാട്, വളയൻചിറങ്ങര, രായമംഗലം പഞ്ചായത്തുകളിലും പശുക്കളിൽ രോഗ ബാധ കണ്ടെത്തിയിട്ടുണ്ട്.

ക്ഷീര വികസന വകുപ്പ്, മില്‍മ, കര്‍ഷക കൂട്ടായ്മകള്‍ എന്നിവയുമായി സഹകരിച്ച് മൃഗ സംരക്ഷണ വകുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. രോഗ ലക്ഷണം പ്രകടമാകുന്ന കാലികളെ മേയാൻ വിടരുതെന്നും പൊതു ജലസ്രോതസ്സുകളിൽ കുളിപ്പിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.