ലൗജിഹാദ് വിഷയത്തിൽ കേരളത്തിൽ മത ധ്രുവീകരണമുണ്ടാക്കാൻ സി.പി.ഐ.എം ബോധപൂർവം ശ്രമിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമം. ബി.ജെ.പിയുടെ ലൗ ജിഹാദ് പ്രചാരണത്തെ സി.പി.ഐ.എം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എം.എൽ.എ ജോർജ് എം. തോമസ് രംഗത്തെത്തിയിരുന്നു. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിൽ ലൗ ജിഹാദില്ല. താൻ അങ്ങനെ ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ലെന്നും ജോർജ് എം. തോമസ് വ്യക്തമാക്കി.
കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തിലാണ് മുൻ എം.എൽ.എ ജോർജ് എം. തോമസ് വിവാദ പരാമർശം നടത്തിയത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ നേതൃത്വത്തിലിരിക്കുന്ന ഒരാളുടെ നടപടി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നാണ് മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസ് പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ സമൂമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്.
നാട്ടില്‍ ലവ് ജിഹാദാണ് നടന്നതെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. എന്നാല്‍ ലവ് ജിഹാദ് ആരോപണം ദമ്പതികള്‍ തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവഹം നടന്നതെന്ന് പറഞ്ഞ് ദമ്പതികള്‍ രംഗത്തെത്തി. തന്റെ ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ജോത്സ്‌നയും വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ ജോര്‍ജ് എം. തോമസിനെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. ജോര്‍ജ് എം.തോമസിന് പിശക് പറ്റിയെന്നാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞത്.