Kerala

ലോക്ക്ഡൗണ്‍ അശാസ്ത്രീയത; സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

കൊവിഡ് ഇളവുകളിലെ അശാസ്ത്രീയത ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുള്‍പ്പെടെ മൂന്ന് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന ഉത്തരവിലെ നിബന്ധനകളാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും പരസ്പര വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാട് മൂലം മുടങ്ങുന്ന അവസ്ഥ എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ ശ്രദ്ധക്ഷണിക്കലായി സഭയില്‍ ഉന്നയിക്കും.

കടകളിലെത്തുന്നവര്‍ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കില്‍ മൊബൈലിലോ കാണിക്കാം. കൊവിഡ് വന്നുപോയവര്‍ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നല്‍കണം എന്നിങ്ങനെയാണ് കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍.

അതേസമയം ലോക്ക്ഡൗണ്‍ ഇളവുകളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വ്യാപാരികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ആഴ്ചയില്‍ ആറുദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കടകളിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വേണമെന്ന വ്യവസ്ഥകളിലെ അപ്രായോഗികത വ്യാപാരികള്‍ കോടതിയെ അറിയിക്കും.