5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍കോട് അതീവ ജാഗ്രതയില്‍. ജില്ലയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും.
കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിലെ 17 പൊലീസ് സ്റ്റേഷന്‍ പരിധിയിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അടച്ചിടാന്‍ നിര്‍ദ്ദേശം. പൊതുഇടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യയാത്രയും നിരോധിച്ചു. മതസ്ഥാപനങ്ങള്‍, വിനോദസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11നും വൈകീട്ട് 5നും ഇടയ്ക്ക് തുറക്കാം. എന്നാല്‍ കടകളിലെത്തുന്നവര്‍ ഒന്നരമീറ്റര്‍ അകലം പാലിച്ച് നില്‍ക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇവര്‍ നിര്‍ബന്ധമായും മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതുതായി കോവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേരും ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്. നെല്ലിക്കുന്നിലെ 58കാരന്‍, വിദ്യാനഗറിലെ 27കാരന്‍, ചന്ദ്രഗിരിയിലെ 32കാരന്‍, മരക്കാപ്പ് കടപ്പുറംത്തെ 41കാരന്‍, ചെങ്കളയിലെ 33കാരന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 733 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 41 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്.
ഇന്നലെ മാത്രം 26 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയത്. ദിവസവും ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലാ ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും ഐസോലേഷന്‍ സംവിധാനം വിപുലപ്പെടുത്തി. കൂടാതെ കെയര്‍വെല്‍ ആശുപത്രിയിലും ഐസോലേഷന്‍ സജ്ജീകരിച്ചു.