Kerala

ലൈഫ് മിഷൻ കേസ്: ഉത്തരങ്ങളിൽ വ്യക്തതയില്ല, സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സി.എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം.

പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ കഴിഞ്ഞ ദിവസം ഇ.ഡി പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി അവസാനിപ്പിച്ചത്. എല്ലാ വഴിവിട്ട നടപടികളും നടന്നത് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അറിവോടെയാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.

കോഴക്കേസിൽ രവീന്ദ്രന്‍റെ പേര് പരാമർശിക്കുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇ.ഡിയുടെ പക്കലുണ്ട്. അതേസമയം ലൈഫ് മിഷൻക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി പുതുക്കാനാണ് കൊണ്ടുവരുന്നത്.