തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രങ്ങൾ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. നവംബർ 10ന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് ഇടതുമുന്നണി കരുതുന്നത്
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഊർജിതമാക്കി ഇടതുമുന്നണി. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കാൻ ഇടതുമുന്നണി യോഗം ഉപസമിതിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രങ്ങൾ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. നവംബർ പത്തിന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.
ഡിസംബർ ആദ്യവാരം തെരഞ്ഞെടുപ്പും ഉണ്ടാകും. ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ കൂടി ഉള്‍പ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ സീറ്റുവിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കാനാണ് നിർദ്ദേശം. വിജയസാധ്യത മാത്രമാകണം സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡം.
പ്രകടന പത്രിക തയ്യാറാക്കാന്‍ ഉപസമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയതായി വന്ന ജോസ് കെ. മാണിക്കും തദ്ദേശ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിലപേശൽ ശക്തി വർധിക്കണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കണം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചർച്ച ചെയ്യും. യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങളടക്കം യോഗത്തില്‍ ചര്‍ച്ചക്ക് വരും.