പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി സംഘടനയുടെ ‘നേതൃയോഗങ്ങള്‍’ ചേരുന്നതില്‍ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം. സംസ്ഥാന കൌണ്‍സില്‍, പ്രവര്‍ത്തക സമിതി, സെക്രട്ടേറിയറ്റ്, ഉന്നതാധികാര സമിതി, ദേശീയ കൌണ്‍സില്‍, ദേശീയ സെക്രട്ടേറിയറ്റ്, ദേശീയ രാഷ്ട്രീയ കാര്യസമിതി എന്നിവയാണ് സംസ്ഥാന, ദേശീയ തലങ്ങളിലെ ലീഗിന്റെ പ്രധാന സംഘടനാ വേദികൾ. ഇവയെല്ലാം ഒരു വ്യവസ്ഥയും പാലിക്കാതെ ചേരുന്നുവെന്നാണ് വിമര്‍ശനം.
ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് നിശ്ചയിക്കുന്ന ഏതാനും നേതാക്കളെ വിളിക്കുകയും അവരെ ചേര്‍ത്ത യോഗം ചേരുകയും ചെയ്യുന്നുവെന്നാണ് ആരോപണം. യോഗങ്ങളെല്ലാം ‘നേതൃയോഗങ്ങൾ’ എന്ന പേരിലാണ് മാധ്യമങ്ങളെ അറിയിക്കാറെങ്കിലും പല യോഗങ്ങളും വ്യത്യസ്ത പേരുകളിലാണ് മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്നത്.
ബാബരി കേസിലെ വിധി അവലോകനം ചെയ്യാന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ ചേര്‍ന്ന ‘ദേശീയ നേതൃയോഗ’ത്തെക്കുറിച്ച് മുഖപത്രം ചന്ദ്രികയില്‍ അച്ചടിച്ചു വന്നത് പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും പോഷക സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട നേതാക്കളുടേയും യോഗം എന്നാണ്. എന്നാല്‍, യോഗ ശേഷം വാര്‍ത്താസമ്മേളനം നടത്തിയ അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ പറഞ്ഞത് ദേശീയ സെക്രട്ടേറിയറ്റ് യോഗം എന്നാണ്. ദേശീയ സെക്രട്ടേറിയറ്റിലെ 12 അംഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ട 13 അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് ഖാദര്‍ മൊയ്തീന്‍ പറഞ്ഞത്.
ദേശീയ സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന അധ്യക്ഷനായ ഹൈദരലി തങ്ങള്‍ക്ക് അധ്യക്ഷത വഹിക്കാനാകില്ല. ഹൈദരലി തങ്ങള്‍ക്ക് അധ്യക്ഷത വഹിക്കാനായി അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ എന്ന പദവി പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ചേര്‍ന്നത് ദേശീയ സെക്രട്ടേറിയറ്റ് ആണെങ്കിലും രാഷ്ട്രീയ കാര്യസമിതി ആണെങ്കിലും അതില്‍ അംഗങ്ങളായ പലര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം ലഭിക്കാത്ത ചില അംഗങ്ങള്‍ തന്നെ മീഡിയാവണിനോട് ഇക്കാര്യം സ്ഥിരീകരിച്ചു.
ഇത്തരം വൈരുധ്യങ്ങള്‍ സമീപ കാലത്ത് നടന്ന മുസ്ലിം ലീഗിന്‍റെ മിക്ക ‘നേതൃയോഗങ്ങളിലും’ പ്രകടമാണ്. ഏത് യോഗമാണ് നടന്നതെന്ന് നേതാക്കളോട് ചോദിച്ചാല്‍ ക്ഷണിക്കപ്പെട്ട നേതാക്കളുടെ പദവി സംബന്ധിച്ച വിശദാംശങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ലീഗ് യോഗങ്ങള്‍ക്കെല്ലാം നേതൃയോഗം എന്ന എളുപ്പ പ്രയോഗമാണ് മിക്കവാറും മാധ്യമങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടെ നടന്ന നേതൃയോഗങ്ങളിലെല്ലാം ഈ വ്യവസ്ഥാ രാഹിത്യം പ്രകടമാണ്. സെപ്തംബറില്‍ മലപ്പുറത്ത് നടന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള ചില അഖിലേന്ത്യാ ഭാരവാഹികള്‍ക്കും സംസ്ഥാന ഭാരവാഹികള്‍ക്കും ഒരു ജില്ലയുടെ പ്രസിഡണ്ടിനും ജനറല്‍ സെക്രട്ടറിക്കും നാല് എംഎല്‍എമാര്‍ക്കുമായിരുന്നു ക്ഷണം. പാര്‍ട്ടിയുടെ ഏത് ബോഡിയാണ് ഇതെന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് ഉത്തരമില്ല.
സെപ്തംബര്‍ നാലിന് കോഴിക്കോട്ട് ചേര്‍ന്ന മറ്റൊരു യോഗത്തില്‍ ചില അഖിലേന്ത്യാ ഭാരവാഹികള്‍, ചില എംഎല്‍എമാര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. സെപ്തംബര്‍ 26 ന് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹികളില്‍ പകുതി പേര്‍ക്കായിരുന്നു ക്ഷണം. ഒക്ടോബര്‍ 27 ന് ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടേറിയറ്റിലെ പകുതി പേരെ ഒഴിവാക്കിയാണ് ചേര്‍ന്നത്. അഖിലേന്ത്യാ ഭാരവാഹികളില്‍ ചിലരും യോഗത്തിലുണ്ടായിരുന്നു.
യോഗത്തിലേക്കുള്ള ക്ഷണം സംബന്ധിച്ച ചോദ്യങ്ങളെ ഹൈദരലി തങ്ങള്‍ പറഞ്ഞതു പ്രകാരം വിളിച്ചതാണെന്ന മറുപടി കൊണ്ടാണ് നേതൃത്വം പ്രതിരോധിക്കുന്നത്. നിലവില്‍ സംസ്ഥാന സെക്രട്ടറിയറ്റ് ജംബോ കമ്മിറ്റിയാണ്. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്. ഒരു യോഗത്തില്‍ പോലും ക്ഷണിക്കപ്പെടാത്ത പ്രവര്‍ത്തക സമിതി അംഗങ്ങളുമുണ്ട്.
ആറംഗ ഉന്നതാധികാര സമിതിയിലേക്ക് എം കെ മുനീറിനെയും വി.കെ ഇബ്രാഹിം കുഞ്ഞിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഇതുവരെ ഒരു കമ്മിറ്റിയിലും നടന്നിട്ടില്ല. നിലവിലെ മുസ്ലിം ലീഗ് കമ്മിറ്റികളുടെ ഘടന , പങ്കാളിത്തം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവാദപ്പെട്ട നേതാക്കള്‍ പോലും പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കുന്നത്.