India Kerala

ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടക്കുന്നു

ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടക്കുന്നു. ഇതിന് മുന്നോടിയായി വിപുലീകൃത ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന് രാവിലെ ചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവോത്ഥാന വനിതാ മതിലിന്റെ തുടര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് പ്രചരണജാഥയുടെ തീരുമാനവും ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അനുകൂല സാഹചര്യമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. 2004ലേതു സമാന സാഹചര്യമെന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തിയത്. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സി.പി.എമ്മും സി.പി.ഐയും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനതലത്തിലും മണ്ഡലതലത്തിലും തെരഞ്ഞെടുപ്പ് ശില്പശാലകള്‍ പൂര്‍ത്തിയാക്കിയ സി.പി.എം ബൂത്ത് തല ശില്പശാലകളിലേക്കു കടക്കുകയാണ്. സി.പി.ഐ പാര്‍ട്ടി ക്ലാസുകളും തുടങ്ങി. മുന്നണി എന്ന നിലയിലുള്ള തയാറെടുപ്പുകള്‍ക്കും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും ഇന്നത്തെ മുന്നണി യോഗം പ്രാഥമിക രൂപം നല്‍കും. ശബരിമല സ്ത്രീ പ്രവേശനം പ്രധാന പ്രചരണ വിഷയമാകുമെന്ന കണക്കുകൂട്ടലില്‍ അതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുമുന്നണി രൂപം നല്‍കും.. വനിതാ മതിലിലൂടെ പിന്നാക്ക സാമുദായിക സംഘടനകളുമായി അടുക്കാന്‍ ഇടതുമുന്നണിക്കു കഴിഞ്ഞിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ ആ നല്ല ബന്ധം നിലനിര്‍ത്താനുള്ള തന്ത്രങ്ങളും മുന്നണി ചര്‍ച്ച ചെയ്യും.

യു.ഡി.എഫിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥ ആരംഭിക്കാന്‍ ഇടത് മുന്നണിയും തീരുമാനിച്ചിട്ടുണ്ട്.ജാഥ ക്യാപ്റ്റന്‍,തീയതി എന്നിവയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകില്ലെങ്കിലും ഉഭയകക്ഷി ചര്‍ച്ചകളെ സംബന്ധിച്ച ആലോചനകള്‍ യോഗത്തില്‍ നടക്കും. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ്(ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ മുന്നണിയിലേക്കു വന്ന ശേഷമുള്ള ആദ്യ യോഗമാണ് ഇന്നത്തേത്.