India Kerala

എല്‍.ഡി.എഫിന് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെയും മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിനെയും സ്ഥാനാര്‍ഥികളാക്കാന്‍ സി.പി.എമ്മില്‍ ധാരണ. ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറും. മറ്റ് മൂന്ന് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാവും.

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രശാന്തിനെ പേര് അംഗീകരിച്ച് സംസ്ഥാന നേതൃത്വത്തിന് കൈമാറും. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് പ്രശാന്തിന് അനുകൂലമായത്. മുഖ്യമന്ത്രിയുടെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റേയും താത്പര്യവും പ്രശാന്തിന് ഗുണമായി.

പ്രളയ കാലത്തെ സഹായ പ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്കിടയിലുള്ള സ്വീകാര്യതയും പ്രശാന്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വട്ടിയൂർക്കാവിലെ സാമുദായിക സമവാക്യങ്ങള്‍ക്കപ്പുറം പ്രശാന്തിന് പൊതുസ്വീകാര്യത ലഭിക്കുമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍. മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു എൽ.ഡി.എഫ് സ്ഥാനാർഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന ഘടകത്തെ അറിയിക്കും.

കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും. ഇതിനായി അതാത് ജില്ലകളില്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗങ്ങള്‍ നടക്കുന്നുണ്ട്. അഞ്ച് ജില്ലാ നേതൃത്വങ്ങളുടേയും നിര്‍ദ്ദേശങ്ങള്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.