Kerala

നിലപാടില്‍ മാറ്റമില്ല; സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക് പോകും. സിപിഐഎം വേദിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല താനെന്ന് കെ വി തോമസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

കെ വി തോമസ് കാണിച്ച തീരുമാനം ആണത്തമാണെന്ന് എംഎം മണി പ്രതികരിച്ചു. നല്ല രാഷ്ട്രീയ വീക്ഷണമുള്ള നേതാവാണ് കെ വി തോമസ്. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസ് വരുന്നത്. അദ്ദേഹത്തിന്റെ തീരുമാനം വിലക്കുന്നത് തന്നെ ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്. എംഎം മണി കൂട്ടിച്ചേര്‍ത്തു.

അതേസമയം കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് എന്ത് നിലപാടെടുക്കുമെന്നതില്‍ ഇന്ന് തീരുമാനം അറിയാം.കെ വി തോമസ് സ്വന്തംനിലയില്‍ പാര്‍ട്ടി വിട്ടു പുറത്തേക്ക് പോകുന്നെങ്കില്‍ പോകട്ടെ എന്നതാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

കെ വി തോമസിനെതിരെ എന്ത് നടപടി എടുക്കണമെന്ന കാര്യത്തില്‍ കെ.പി.സി.സി നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. സസ്‌പെന്‍ഷനടക്കമുള്ള നടപടികള്‍ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെക്കുമ്പോള്‍, കെ വി തോമസിനെ പൂര്‍ണമായും അവഗണിക്കണമെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം.
നടപടി സ്വീകരിച്ച് കെ വി തോമസിനെ വലിയ ആളാക്കേണ്ടതില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. സെമിനാറില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് വേദികളിലേക്ക് പിന്നീട് ക്ഷണിക്കാതെ മാറ്റി നിര്‍ത്തിയാല്‍ മതിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കെ വി തോമസ് നടപടി ആഗ്രഹിക്കുന്നതിനാല്‍ നേതൃത്വം അതിന് വഴങ്ങരുതെന്നും ഇക്കൂട്ടര്‍ക്ക് അഭിപ്രായമുണ്ട്.

സ്വന്തംനിലയ്ക്ക് പാര്‍ട്ടി വിട്ടു പുറത്തേക്ക് പോകുന്നെങ്കില്‍ തോമസ് പോകട്ടെ എന്നും ഈ നേതാക്കള്‍ പറയുന്നു. അച്ചടക്കലംഘനം നടത്തിയിട്ട് നടപടി ഒഴിവാക്കുന്നതിലെ അനൗചിത്യം മറു വിഭാഗവും ഉന്നയിക്കുന്നുണ്ട്. കെ വി തോമസിന്റെ കാര്യത്തില്‍ കെപിസിസി നടപടി സ്വീകരിക്കട്ടെ എന്ന് ഹൈക്കമാന്‍ഡും നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍, സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് കാതോര്‍ക്കുകയാണ് രാഷ്ട്രീയ കേരളവും കെ വി തോമസും.