Kerala

ചവിട്ടിപ്പുറത്താക്കാന്‍ പറ്റില്ല, കോണ്‍ഗ്രസുകാരനായി തുടരും: കെ വി തോമസ്

തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ്. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാൻ അച്ചടക്ക സമിതി യോഗം ചേരുന്നതിന് മുന്നോടിയാണ് പ്രതികരണം.

കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നതെന്ന് കെ.വിതോമസ് പറഞ്ഞിരുന്നു. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സിപിഎം പാർട്ടി കോൺ​ഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തത്. ഈ വിഷയത്തിൽ തന്നെ ഒരു കമ്മ്യൂണിറ്റിയുടെ ഭാ​ഗമായി കണ്ട് വിമർശിക്കുന്ന അവസ്ഥയുണ്ടായിഎന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് ഒപ്പം നിൽക്കണം എന്നതാണ് തൻ്റെ നിലപാട്. കെ.സുധാകരൻ കോൺ​ഗ്രസ് ആയത് ഇപ്പോഴാണെന്നും തന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ലംഘിക്കേണ്ടി വന്നതെന്നും കെ.വി.തോമസ് വ്യക്തമാക്കി. അതേസമയം കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എകെ ആന്‍റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാകും നടപടി തീരുമാനിക്കുക. തോമസിനോട് വിശദീകരണം തേടിയ ശേഷമാകും തുടര്‍ നടപടി.