വയനാട് കുറുക്കൻമൂലയിൽ കാട്ടിലിറങ്ങിയ കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. വനത്തിനോട് ചേർന്നുള്ള മേഖലകളിൽ അടിക്കാട് വെട്ടിത്തളിച്ച് പരിശോധന നടത്തും. വനത്തിനുള്ളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. കടുവ ജനവാസ മേഖലയിൽ ഇറങ്ങിയിട്ട് 25 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറുക്കൻമൂലയിലും പരിസര പ്രദേശങ്ങളിലും വളർത്തുമൃഗങ്ങളെ ആക്രമിക്കാത്തതിന്റെ ആശ്വാസമുണ്ടെങ്കിലും പ്രദേശമാകെ ഭീതിയിൽ തുടരുകയാണ്.
കടുവ അവശനിലയിലാണെന്ന് വനംവകുപ്പ് ആവർത്തിക്കുകയാണ്. എന്നാൽ കടുവയെ എന്തുകൊണ്ട് കണ്ടെത്താൻ കഴിയുന്നില്ലെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. മുപ്പതിലധികം കാമറകൾ കടുവയെ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്‌ച തെരച്ചിലിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രമുൾപ്പടെയുള്ളവ ഉപയോഗിച്ച് കാട്ടുപ്രദേശങ്ങളിൽ വഴി സുഗമമാക്കി. അടിക്കാടുകൾ വെട്ടിയും തെരച്ചിൽ ശക്തമാക്കി.
നിരോധനമുൾപ്പടെയുള്ള കാരണങ്ങളാൽ കുറുക്കൻമൂല, പുതിയിടം, ചെറൂർ, കൊയിലേരി, പയ്യമ്പള്ളി, കുറുവ എന്നിവിടങ്ങളിലുള്ളവരെല്ലാം കഴിഞ്ഞ കുറച്ച ദിവസങ്ങളായി ബുദ്ധിമുട്ടിലാണ്. ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷകരുടെയെല്ലാം ജീവിതമാർഗം ഗതിമുട്ടിയ നിലയിലാണ്. ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്.