India Kerala

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കും

പൊന്നാനിയില്‍ നിന്നും ജനവിധി തേടണമെന്ന എം.എല്‍.എമാരടക്കമുള്ളവരുടെ ആവശ്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലൂടെ മറികടന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നെങ്കിലും മലപ്പുറത്ത് നിന്ന് മാറേണ്ടി വന്നാല്‍ മത്സരരംഗത്ത് നിന്ന് തന്നെ പിന്‍മാറുമെന്ന സൂചന കുഞ്ഞാലികുട്ടി നല്‍കി. ഇതോടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് ഉന്നതാധികാര സമിതി യോഗവും എത്തുകയായിരുന്നു.

എം.എല്‍.എമാരായിരുന്നു കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയത്. മൂന്നാം സീറ്റ് ചര്‍ച്ച ചെയ്യാനായി പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലും സമാനമായ നിലപാട് ഉയര്‍ന്നു. മലപ്പുറത്ത് നിന്ന് മാറിയാല്‍ സംസ്ഥാനം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിന് തടസം വരുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. മണ്ഡലമാറ്റ ചര്‍ച്ച സജീവമായതോടെ അങ്ങനെയെങ്കില്‍ താന്‍ മത്സരിക്കാന്‍ തന്നെ ഉണ്ടാവില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന സൂചനകള്‍ കുഞ്ഞാലിക്കുട്ടി ഉന്നതാധികാര സമിത അംഗങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

ഇതോടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും ഇടി പൊന്നാനിയില്‍ നിന്നും തന്നെ മത്സരിക്കട്ടെയെന്ന ഏകദേശ ധാരണയിലേക്ക് ഉന്നതാധികാര സമിതി യോഗം എത്തുകയായിരുന്നു. 9 ന് കോഴിക്കോട് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനത്തിലേക്ക് നീങ്ങുക. പൊന്നാനിയില്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ പ്രതിച്ഛായ ബാധിക്കുമെന്ന ഭയവും കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വസ്തുത. മൂന്നാം സീറ്റിന് വേണ്ടിയുള്ള സമ്മര്‍ദ്ദം ലീഗ് തുടരില്ല. പക്ഷേ പ്രവര്‍ത്തക സമിതിയില്‍ കൂടി ചര്‍ച്ച ചെയ്യും. പ്രവര്‍ത്തക സമിതിയെ അപ്രസക്തമാക്കി നേതാക്കള്‍ തീരുമാനം എടുക്കുന്നുവെന്ന വിമര്‍ശനത്തെ മറികടക്കാന്‍ കൂടിയാണിത്.