ശബരിമല യുവതി പ്രവേശന വിഷയം ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണ വിഷയമാക്കുമെന്നും കുമ്മനം രാജശേഖരന്‍. ശബരിമലയിലേത് മതപരമായ പ്രശ്നമല്ലെന്നും സാമൂഹ്യ പ്രശ്നമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച് നടപടികള്‍ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷം ആദ്യമായി ശബരിമല ദര്‍ശനത്തിനെത്തിയതായിരുന്നു മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാനവികതയുടെ പ്രതീകമായ ശബരിമല എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
അപ്പോള്‍ എന്തിന് തെരഞ്ഞെടുപ്പ് കാലത്ത് അതിനെ മാറ്റി നിര്‍ത്തുന്നു എന്ന് കുമ്മനം ചോദിച്ചു. ശബരിമലയിലെ തീവെപ്പ് ഇം.എം.എസിന്റെ കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു. യുവതി പ്രവേശ വിഷയത്തിലെ നന്മയും തിന്മയും ജനം ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ സംവാദത്തിന് സി.പി.എമ്മും കോണ്‍ഗ്രസും തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഹീനമായ പ്രവര്‍ത്തനങ്ങളെ മറയ്ക്കാനും പരാജയങ്ങളെ മൂടിവെക്കാനും നിരപരാധികളെ കേസില്‍ കുടുക്കുകയാണെന്നും കുമ്മനം പറഞ്ഞു.