India Kerala

കെ.എസ്.ആര്‍.ടി.സി സമരത്തിനെതിരെ ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സമരത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. നിയമപരമായ മാര്‍ഗങ്ങളുള്ളപ്പോള്‍ സമരങ്ങളെന്തിനെന്ന് കോടതി ചോദിച്ചു. തൊഴിലാളികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ അറിയിക്കണമെന്ന് കോടതി കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കി.

കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനെതിരെ പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി തൊഴിലാളികളുടെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവച്ചു കൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ലേ പ്രധാനം? നിയമപരമായ പരിഹാരം കാണാനുള്ള മാര്‍ഗമു ഉള്ളപ്പോള്‍ എന്തിന് പണിമുടക്ക് പോലുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും കോടതി ചോദിച്ചു.

സമരം നിയമപരമായ നടപടിയല്ല. സിണ്ടിക്കേറ്റ് ബാങ്ക് കേസില്‍ സമരം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. നേരത്തെ നോട്ടീസ് നല്‍കി എന്നത് പണിമുടക്ക് നടത്താനുള്ള അനുമതിയല്ലെന്നും കോടതി ചൂണ്ടികാട്ടി. ഹരജി 1.45 ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.