നഷ്ടം വകവെക്കാതെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകൾക്കു വേണ്ടിയും വാടക ബസിറക്കാൻ കെ.എസ്.ആർ.ടി.സി ശ്രമം. 250 ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. നിലവിൽ സർവീസ് നടത്തുന്ന സ്കാനിയ, ഇലക്ട്രിക് വാടക ബസുകൾ കോർപ്പറേഷന് പ്രതിമാസം വരുത്തുന്ന നഷ്ടം പത്ത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.
മഹാവോയേജസ് എന്ന മുംബൈ കമ്പനിയിൽ നിന്ന് വാടകക്കെടുത്ത 9 സ്കാനിയ ബസുകളും 10 ഇലക്ട്രിക് ബസുകളും ചേർന്ന് കെ.എസ്.ആർ.ടി.സിക്ക് വരുത്തിയ നഷ്ടം ചില്ലറയല്ല. കിലോമീറ്ററിന് 43 രൂപ വാടക എന്ന നിരക്കിൽ ഇറക്കിയ ഇലക്ട്രിക് ബസുകൾ ഇപ്പോൾ നിരത്തിലിറക്കാൻ കെ.എസ്.ആർ.ടി.സി ഭയക്കുകയാണ്. പുതിയ ബസ് വാങ്ങാൻ പണമില്ലെന്ന് പറഞ്ഞാണ് 250 ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് വാടക ബസുകളിറക്കാൻ കോർപ്പറേഷൻ ശ്രമം തുടങ്ങിയത്. എന്നാൽ പുനരുദ്ധാരണത്തിനും ബസ് വാങ്ങാനുമായി കിഫ്ബിയിൽ നിന്നനുവദിച്ച 324 കോടി രൂപ ഇതുവരെയും ചെലവഴിച്ചിട്ടില്ലായെന്നത് മറ്റൊരു വസ്തുത. അടുത്ത വർഷം 200 ബസുകളുടെ കാലാവധി തീരും. പുതിയ ബസ് വാങ്ങാൻ ഇതുവരെ ശ്രമം ആരംഭിച്ചിട്ടുമില്ല. 250 ഇലക്ട്രിക് ബസുകൾ കൂടി വാടകക്കെടുക്കാനുള്ള അണിയറ നീക്കവും സജീവമാണ്.