Kerala

കെഎസ്ആർടിസി ശമ്പളം ഗഡുക്കളായിത്തന്നെ നൽകും

കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായിത്തന്നെ നൽകും. സിഐടിയു സംഘടനയുമായി ഗതാഗതമന്ത്രി ആൻ്റണി രാജു നടത്തിയ ചർച്ചയിൽ സമവായമായില്ല. ഗഡുക്കളായി മാത്രമേ ശമ്പളം നൽകാൻ കഴിയൂ എന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംയുക്ത സമരപരിപാടികൾ ആലോചിക്കുമെന്ന് കെഎസ്ആർടിഇഎ അറിയിച്ചു. ഡീസൽ കഴിഞ്ഞാൽ അടുത്ത പരിഗണന ശമ്പളത്തിന് നൽകണം എന്ന് സിഐടിയു ആവശ്യപ്പെട്ടു.

ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുവാനുളള തീരുമാനത്തെ തൊഴിലാളി സംഘടനകൾ എതിർക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂനിയനുകളെ മന്ത്രി ചർച്ചക്ക് വിളിച്ചത്. കഴിഞ്ഞയാഴ്ച ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തിരുന്നു. ഇതു തുടരാനാണ് മാനേജ്മെന്റ് ആലോചന. ഇതിനെതിരെ ബിഎംഎസ് യൂണിയൻ സംയുക്ത സമരവും പണിമുടക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.