Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തും; പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്‌തേക്കും. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കും പ്രതീക്ഷയേറുന്നത്.

ധനമന്ത്രിയും ഗതാഗത മന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് ശമ്പള പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാവുന്നത്. അധിക ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ നാളെ ലഭിക്കുമെന്നാണ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്. ഇതിന് പുറമെ 50 കോടി രൂപ ബാങ്കില്‍ നിന്ന് ഓവര്‍ട്രാഫ്റ്റ് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിലുള്ള ധനമന്ത്രി നാളെ 11 മണിയോടെ കേരളത്തില്‍ എത്തും. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് ഇന്നലെ തന്നെ കത്ത് നല്‍കിയിരുന്നു. അഡീഷണല്‍ തുക അനുവദിക്കുന്നത് കടമാണോ ധനസഹായമാണോ വേണ്ടതെന്ന് ധനവകുപ്പ് തീരുമാനിക്കും. പണം ലഭിച്ചാല്‍ വൈകിട്ടോടെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ശമ്പളം ആവശ്യപ്പെട്ട് ഈ മാസം അഞ്ചിന് സൂചനപണിമുടക്ക് നടത്തിയ സാഹചര്യത്തില്‍ ശമ്പളക്കാര്യം സമരക്കാരും മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായിരുന്നു മന്ത്രി മുമ്പ് നിലപാടെടുത്തിരുന്നത്. ഇതിനെതിരെ എഐടിയുസി, സിഐടിയു തുടങ്ങിയ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. ശമ്പളം ഇനിയും വൈകിയാല്‍ കടുത്ത സമരത്തിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗതാഗതമന്ത്രി മുന്‍ നിലപാടില്‍ നിന്നും അയഞ്ഞത്.