ഇന്ധനവില വര്‍ധനയില്‍ കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല. ഡീസല്‍ വില വര്‍ധനവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എണ്ണകമ്പനികളുടെ വില വര്‍ധന നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഹര്‍ജി പരിശോധിച്ച ശേഷം വിലനിര്‍ണയം സംബന്ധിച്ച് രേഖാമൂലം മറുപടി വ്യക്തമാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.
വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധന വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടിയതിനെതിരെയായിരുന്നു കെഎസ്ആര്‍ടിസിയുടെ ഹര്‍ജി. കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയ നടപടി കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.
സാധാരണ വിപണി നിരക്കില്‍ ഡീസല്‍ നല്‍കാന്‍ എണ്ണക്കമ്പനികള്‍ക്കും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനോടും നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ കെഎസ്ആര്‍ടിസിയുടെ ആവശ്യപ്പെട്ടിരുന്നത്. വില വര്‍ധന കെഎസ്ആര്‍ടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മുന്‍പ് കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു.
ഒരു ദിവസം കെഎസ്ആര്‍ടിസിക്ക് രണ്ടര ലക്ഷം ലിറ്റര്‍ ഡീസല്‍ ആവശ്യമുണ്ട്. വര്‍ധന നിലവില്‍ വരുന്നതോടെ ദിവസം 89 ലക്ഷം രൂപ അധികമായി കെഎസ്ആര്‍ടിസിക്ക് ആവശ്യമായി വരും. ഒരു മാസത്തെ അധിക ബാധ്യത 26 കോടി രൂപയാകും. ഇത് വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കുക. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധന വില നാല് രൂപ വര്‍ധിപ്പിച്ചതിനെതിരേ കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പോകാനായിരുന്നു കോടതി ഉത്തരവ്.