India Kerala

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി തുടരുന്നു; ഇന്ന് മുടങ്ങിയ നാനൂറോളം സര്‍വീസുകള്‍

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. നാനൂറോളം സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ദിവസന വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കാൻ ഡിപ്പോകൾക്ക് വാക്കാൽ നിർദ്ദേശം നൽകി.

പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഒരാഴ്ചയോളം കോടതി അവധി ആയതിനാൽ താൽകാലിക പരിഹാരത്തിനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. ദിവസ വേതനാതിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കണമെന്ന അനൌദ്യോഗിക നിർദ്ദേശത്തിന് കാര്യമായ പ്രതികരണമല്ല ഉണ്ടായത്. അതോടെ വീണ്ടും പ്രതിസന്ധി തുടരുകയാണ്. ഇന്ന് നാനൂറോളം സർവീസുകളാണ് സംസ്ഥാനത്താകെ മുടങ്ങിയിട്ടുള്ളത്. അധിക ഡ്യൂട്ടിക്ക് ഡ്രൈവർമാരെ വച്ച് ദീർഘ ദൂര സർവീസുകൾ, നഗര സർവീസുകൾ എന്നിവ മുടങ്ങാതിരിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ശ്രമം.

എന്നാൽ ഈ ക്രമീകരണം പല സ്ഥലങ്ങളിലും യാത്രക്കാരെ ബാധിക്കുന്നതായി പരാതി ഉയരുന്നുണ്ട്. സര്‍വീസുകള്‍ റദ്ദാക്കിയത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള താൽകാലിക നിയമനത്തിന് നിയമ പരമായ സാധ്യത തേടുകയാണ് കെ.എസ്.ആര്‍.ടി.സി. യാത്രാ ക്ലേശം പരിഹരിക്കാൻ താൽക്കാലിക ജീവനക്കാരെ ഒരു ദിവസത്തേക്ക് നിയമിക്കാമെന്ന് സുപ്രിം കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് നടപ്പിലാക്കാനുളള സാധ്യതയാണ് കെ.എസ്.ആര്‍.ടി.സി പരിശോധിക്കുന്നത്.